ബേപ്പൂര്‍ സുല്‍ത്താന്‍
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21ന് തിരുവിതാംകൂറിലെ തലയോലപ്പറമ്പ് (കോട്ടയം) ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും. ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കാല്‍നടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തി. ഇന്ത്യ ന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. മര്‍ദ്ദനത്തിരയാവുകയും ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് – മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയും സംഘടനയുടെ മുഖപത്രമായി “ഉജ്ജീവനം’ എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടു കെട്ടി. പത്തുവര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അറേബ്യ, ആഫ്രിക്ക തീരങ്ങളിലും സഞ്ചരിച്ചു. അഞ്ചാറു വര്‍ഷം സന്യസിച്ചു. ഹിന്ദു സന്യാസിമാരുടെയും സൂഫികളായ മുസ്ളീം സന്യാസിമാരുടെയും കൂടെ. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍. ബഷീറിന്റെ ഓരോ കൃതിയും മലയാളിയുടെ ഭാവുകത്വത്തെയാണ് പുതിയ തീരങ്ങളിലേക്ക് കൊണ്ടു പോയത്. നാം കേട്ടു പരിചയിച്ച ശബ്ദങ്ങളെ ബഷീര്‍ എടുത്തു മാറ്റി, പുതിയ ശബ്ദവും പുതിയ കാലചരിത്ര രേഖകളും സാഹിത്യലോകത്തേക്ക് കൊണ്ടു വന്നു. ബഷീറിനെപ്പോലെ തികച്ചും ‘യൂണിവേര്‍സല്‍’ ആയ ആശയങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരന്‍ ഇല്ല. സാമന്യ മലയാള ഭാഷ ജ്ഞാനമുളള ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും അതിനെ പ്രണയിക്കുമെന്നാണു പരക്കെയുള്ള വിശ്വാസം. ബാല്യകാല സഖി, പ്രേമലേഖനം, ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്, മതിലുകള്‍ തുടങ്ങി അനശ്വരങ്ങളായ ഒട്ടേറെ നോവലുകള്‍ ബഷീര്‍ മലയാളത്തിനു നല്‍കി. ബാല്യകാല സഖി,ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട് എന്നീനോവലുകള്‍ സ്കോട് ലന്‍ഡിലെ ഏഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥങ്ങളാണ്. ഡോ. റൊണാള്‍ഡ് ആഷര്‍ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് ത്. 1994 ജൂലൈ 5-ന് അന്തരിച്ചു. ഭാര്യ ഫാബി ബഷീര്‍. മക്കള്‍ : ഷാഹിന, അനിസ്. പുരസ്‌കാരങ്ങള്‍: ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993). നോവല്‍ : ബാല്യകാല സഖി ( 1944), പാത്തുമ്മയുടെ ആട് ( 1959), ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (1951), മാന്ത്രികപ്പൂച്ച (1968), താരാസ്പെഷ്യല്‍സ് (1968), പ്രേമ ലേഖനം(1943) ജീവിതനിഴല്‍പ്പാടുകള്‍( 1954) ആനവാരിയും പൊന്‍കുരിശും (1953) സ്ഥലത്തെ പ്രധാന ദിവ്യന്‍( 1951) മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ (1951) മരണത്തിന്‍റെ നിഴലില്‍ (1951) ശബ്ദങ്ങള്‍ (1947) മതിലുകള്‍(1965). കഥകള്‍ : ആനപ്പൂട (1975) ജന്മദിനം ( 1945) വിശപ്പ് ( 1954) വിശ്വവിഖ്യാതമായ മൂക്ക് ( 1954) ഓര്‍മ്മക്കുറിപ്പ് ( 1946) പാവപ്പെട്ടവരുടെ വേശ്യ( 1952) ഒരു ഭഗവദ് ഗീതയും കുറെ മുലകളും ( 1967) ഭൂമിയുടെ അവകാശികള്‍ (1977) ചിരിക്കുന്ന മരപ്പാവ(1975) വിഡ്ഢികളുടെ സ്വര്‍ഗം (1948) യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000). ലേഖനങ്ങള്‍ : അനര്‍ഘ നിമിഷം ( 1946) സ്മരണകള്‍ എം. പി. പോള്‍ (1991) ഓര്‍മ്മയുടെ അറകള്‍(1973) ഡി. സി. യും ഒരു ഉണ്ടക്രിസ്ത്യാനിയും, അനുരാഗത്തിന്‍റെ ദിനങ്ങള്‍ (1983). പലവക : ശിങ്കിടിമുങ്കന്‍(1991) നേരും നുണയും (1969) ചേവിയോര്‍ക്കുക അന്തിമകാഹളം (1992) ഭാര്‍ഗ്ഗവീ നിലയം ( തിരക്കഥ, 1985) കഥാബീജം (നാടകം 1945).
കഥകളി
എ.ഡി 17ാം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയ ‘രാമനാട്ടം’ എന്ന കലാരൂപത്തിന്‍െറ പരിഷ്കൃതരൂപമാണ് കഥകളി. നൃത്തം, അഭിനയം, സംഗീതം മുതലായ സുന്ദരകലകള്‍ സമ്മേളിക്കുന്ന കലാരൂപമാണ് കഥകളി. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍. ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍. അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്. കഥകളിയെ ഒരു സമ്പൂര്‍ണ നൃത്തകലയാക്കി വികസിപ്പിച്ചത് ഉത്തരകേരളത്തിലെ കോട്ടയത്തു തമ്പുരാന്‍ ആയിരുന്നു.
കമ്പടികളി എന്ന പേരിലറിയപ്പെടുന്ന കോല്‍ക്കളി കര്‍ക്കടകനാളില്‍ സമയം പോകാന്‍ കളിച്ചിരുന്ന ഒരു വിനോദമായിരുന്നു. ഇപ്പോള്‍ എല്ലാ സമയത്തും കളിക്കുന്നുണ്ടിത്. കോലാട്ടക്കളി എന്നും ചില സ്ഥലങ്ങളിലറിയപ്പെടുന്നു. ഒരറ്റത്ത് ചെറിയ മണികള്‍ ഘടിപ്പിച്ച കമ്പുകളാണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. പാട്ടിനും താളത്തിനുമൊപ്പം വട്ടത്തിലിരുന്നും നിന്നും ഓടിയും ചാടിയും കമ്പുകള്‍ കൊട്ടി ഈ കളി മുന്നേറുന്നു.

No comments:
Post a Comment